2011, ജൂലൈ 13, ബുധനാഴ്‌ച

സമ്പത്ത് ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണം: ഹിന്ദു നേതൃയോഗംമലയാള മനോരമയില്‍ നിന്ന്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്നു കണ്ടെത്തിയ അമൂല്യ സമ്പത്തു ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്നു ഹിന്ദു നേതൃയോഗം ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍നിന്നു കണ്ടെത്തിയ വസ്തുവകകള്‍ നിധിയോ പൊതുസ്വത്തോ അല്ലെന്നും കേസില്‍ കക്ഷിചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിമാരായ കുമ്മനം രാജശേഖരന്‍, ബ്രഹ്മചാരി ഭാര്‍ഗവറാം എന്നിവര്‍ അറിയിച്ചു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലുള്ള വസ്തുക്കള്‍ രാജാക്കന്‍മാരും ഭക്തരും ശ്രീപത്മനാഭസ്വാമിക്കു വിശ്വാസപൂര്‍വം സമര്‍പ്പിച്ചതാണ്. ഇവ പൊതു ആവശ്യത്തിനു വിനിയോഗിക്കണമെന്ന വാദം അര്‍ഥശൂന്യമാണ്. ക്ഷേത്രത്തില്‍ സമര്‍പ്പിക്കപ്പെട്ടവയെല്ലാം ദേവന്റെ സ്വത്താണ്. അതിനാല്‍ ഇവ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്നു നേതൃയോഗം പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, നാഷനല്‍ മ്യൂസിയം തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിലവറയിലെ സാധനങ്ങള്‍ ഏറ്റെടുക്കാന്‍ നടത്തുന്ന നീക്കം ഉപേക്ഷിക്കണം.

ഹിന്ദുമത സ്വാതന്ത്യ്രത്തിലും ആരാധനാവകാശങ്ങളിലുമുള്ള കൈകടത്തലാണിത്. ഇത്തരം ബാഹ്യ ശക്തികളെ തടയാനും വസ്തുക്കള്‍ സുരക്ഷിതമായി സംരക്ഷിക്കാനും അധികൃതര്‍ നടപടി സ്വീകരിക്കണം. ശ്രീപത്മനാഭ സ്വാമിയുടെ സ്വത്ത് പൊതുസ്വത്താക്കണമെന്നു പ്രസ്താവന ഇറക്കുന്നവരുടെ പിന്നില്‍ ചില ബാഹ്യ ശക്തികളുണ്ട്. ഇത്തരക്കാര്‍ക്കു സര്‍ക്കാര്‍ വശംവദരാകരുതെന്നു കുമ്മനം പറഞ്ഞു. ക്ഷേത്ര തന്ത്രിയുടെ അഭിപ്രായം തേടാതെയാണു നിലവറ തുറക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. കണ്ടെത്തിയ വസ്തുവകകളെ കുറിച്ചു വ്യാപകമായി വാര്‍ത്ത വന്നതിലും ദുരൂഹതയുണ്ട്.

ജീവന്‍ നല്‍കിയും ഭക്തര്‍ ശ്രീപത്മനാഭന്റെ സ്വത്തു സംരക്ഷിക്കും. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ ക്ഷേത്ര പാര്‍ലമെന്റ് വിളിക്കും. ഇതിനു മുന്നോടിയായി ഗാന്ധാരിയമ്മന്‍ കോവിലില്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ