തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേത് നിധിശേഖരമല്ലെന്നും ക്ഷേത്രത്തിന്റെ വസ്തുക്കളാണിതെന്നും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് തിരുവനന്തപുരം പ്രസ്ക്ളബില്‍ കേരളകൌമുദി നടത്തിയ 'പദ്മനാഭസ്വാമി ക്ഷേത്ര നിധിശേഖരം' സംവാദത്തില്‍ അഭിപ്രായപ്പെട്ടു.
അനന്തപദ്മനാഭനും ദാസനും പദ്മനാഭ ഭക്തരും ഉള്‍പ്പെടുന്ന മൂന്ന് ഘടകങ്ങളാണ് ക്ഷേത്രത്തിനുള്ളത്. മറ്റാര്‍ക്കും ഇതില്‍ കടന്നുകൂടാനാവില്ല. ജനങ്ങളുടെ രക്തത്തിലും മാംസത്തിലും തുടിക്കുന്ന പദ്മനാഭന്റെ വികാരത്തെ നിയമം വച്ച് കണക്കാക്കാനാവില്ല. കോടതി എന്ത് വിധിച്ചാലും ഭക്തജനങ്ങള്‍ സുരക്ഷ ഏറ്റെടുക്കണം. നിറതോക്കുകള്‍ക്ക് സാധിക്കാത്തത് ഭക്തജനങ്ങള്‍ക്ക് സാധിക്കും. ഭക്തരുടെ വിശ്വാസവും പ്രാര്‍ത്ഥനയും മാത്രമാണ് ഇത്രയും സ്വത്ത് അവിടെത്തന്നെയിരിക്കുമെന്നതിന്റെ ഗാരന്റി. ക്ഷേത്ര ആവശ്യത്തിന് ഉപയോഗിക്കാനുള്ളവ ഒഴിച്ച് ഒരു ഉപയോഗവുമില്ലാത്തത് ഭക്തജനങ്ങള്‍ക്ക് കാണാന്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ കുഴപ്പമില്ല. അത് തീരുമാനിക്കേണ്ടത് പദ്മനാഭദാസനും ഭക്തരുമാണ്. അവരുടെ വാക്കിന് വിലകല്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള യൂണിവേഴ്സിറ്റി സ്ഥാപിക്കാവുന്നതാണെന്നും കുമ്മനം പറഞ്ഞു.
മോഷണം നടക്കില്ലെന്ന് ഉറപ്പാക്കാവുന്ന ഒരു മ്യൂസിയവും ഇന്ത്യയിലില്ലെന്ന് ചരിത്രകാരന് ഡോ. എം. ജി. ശശിഭൂഷണ്‍ പറഞ്ഞു. ബ്രിട്ടീഷ്, വിയന്ന മ്യൂസിയങ്ങളില്‍ മാത്രമാണ് മോഷണം നടക്കാത്തത്. ആ രീതിയിലാണ് അവിടെ മ്യൂസിയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മലയാളികളുടെയും ഇന്ത്യക്കാരന്റെയും അഭിമാനമായി പദ്മനാഭസ്വാമി ക്ഷേത്രം മാറിയിരിക്കുന്നു. 30 ശതമാനം ടൂറിസ്റ്റുകളുടെ വര്‍ദ്ധനയാണ് ഇതിലൂടെ ഉണ്ടാകാന്‍ പോകുന്നതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇരുട്ടറയില്‍ വച്ച് വീണ്ടും സൂക്ഷിക്കാനുള്ളതല്ല ഇതെന്ന് ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. സി.കെ. സീതാറാം പറഞ്ഞു. ഇതിലെ ചൈതന്യം ത്രസിച്ച് നില്ക്കേണ്ടതാണ്. അത്ഭുതകരമായ കാഴ്ചകളാണ് അത് പകരുന്നത്. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് കാണാന്‍ കഴിയത്തക്ക രീതിയില്‍ ക്ഷേത്ര സമുച്ചയത്തില്‍ പ്രദര്‍ശിപ്പിക്കണം. അതിനുള്ള സൌകര്യം ഉണ്ടാകുന്നതുവരെ ഇപ്പോഴത്തെ അറയില്‍ സൂക്ഷിക്കണം. യൂണിവേഴ്സിറ്റി തുടങ്ങണമെന്ന നിര്‍ദ്ദേശത്തോട് യോജിക്കുന്നതായും സീതാറാം പറഞ്ഞു.
യൂണിവേഴ്സിറ്റി ഉണ്ടാക്കാതെ ഇത് സുരക്ഷിതമായി പ്രദര്‍ശനത്തിന് വയ്ക്കണമെന്ന് വാസ്തു വിദഗ്ദ്ധനും എന്‍ജിനിയറുമായ അര്ജുന് അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടര്‍ ബി. അര്ജുനന് പറഞ്ഞു. ഒരു തരി പോലും എടുക്കാതെയാണ് രാജകുടുംബം സംരക്ഷിച്ച് വച്ചിരുന്നത്. അത് ക്ഷേത്രത്തിലോ അനുബന്ധ സ്ഥലത്തോ സംരക്ഷിക്കുകതന്നെ വേണം. അങ്ങനെയായാല്‍ ഇപ്പോള്‍ കേരളത്തില്‍ എത്തിക്കൊണ്ടിരിക്കുന്ന വിദേശികളുടെ വരവ് ആയിരം മടങ്ങായി വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
25 ഏക്കറില്‍ മ്യൂസിയം നിര്‍മ്മിച്ച് ചരിത്ര പ്രാധാന്യമുള്ളവ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുകയും ബാക്കി ഹിന്ദുക്കളുടെ ഉന്നമനത്തിന് ഉപയോഗിക്കുകയും ചെയ്യണമെന്ന് അഡ്വ. വി.എച്ച്. സത്ജിത് പറഞ്ഞു. സംവാദത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് മന്ത്രി വി. എസ്. ശിവകുമാര്‍ പറഞ്ഞു. കേരളകൌമുദി യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പി. പി. ജെയിംസ് മോഡറേറ്ററായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ