2011, ജൂലൈ 22, വെള്ളിയാഴ്‌ച

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം സ്വത്ത് സംബന്ധിച്ച ചര്‍ച്ച - നമ്മള്‍ തമ്മില്‍ പ്രോഗ്രാം വീഡിയോ

ഏഷ്യാനെറ്റ്‌ ന്യൂസിലെ നമ്മള്‍ തമ്മില്‍ എന്ന ടോക്ക് ഷോ പ്രോഗ്രാമ്മില്‍ ശ്രീപദ്മനാഭക്ഷേത്രത്തിലെ സ്വന്തിനെ സംബന്ധിച്ച ചര്‍ച്ചയില്‍ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവരാമന്‍ പങ്കെടുത്തു. ഈ പരിപാടിയുടെ വീഡിയോ ക്ലിപ്പ്‌ താഴെ കൊടുക്കുന്നു.

2011, ജൂലൈ 13, ബുധനാഴ്‌ച

ഹിന്ദു സംഘടനകള്‍ കേസില്‍ പങ്കുചേരും

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ കണ്ടെത്തുന്നതുസംബന്ധിച്ച്‌ സുപ്രീംകോടതിയിലുള്ള കേസില്‍ ഹിന്ദു സംഘടനകള്‍ കക്ഷിചേരുമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഹിന്ദു സംഘടനകളുടെ നേതൃയോഗതീരുമാനം പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ചു കേരള ക്ഷേത്ര സംരക്ഷണ സമിതിയാണ് കേസില്‍ കക്ഷിചേരുന്നത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രനിലവറകളില്‍ നിന്ന് കണ്ടെത്തിയത് നിധികളോ പൊതുസ്വത്തോ അല്ല. നിലവറകളിലുള്ളത് ശ്രീപദ്മനാഭസ്വാമിയുടേത്‌ മാത്രമാണ്. അതിനാല്‍ ഇവ പുരാവസ്തു വകുപ്പോ നാഷണല്‍ മ്യൂസിയമോ ഏറ്റെടുക്കാന്‍ അനുവദിക്കില്ല. ഇതിനായി ക്ഷേത്രവിശ്വാസികളുടെ ടെമ്പിള്‍ പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കുമെന്നും കുമ്മനം പറഞ്ഞു.

ക്ഷേത്രനിലവറകളില്‍നിന്നും കണ്ടെത്തിയ പുരാവസ്തുമൂല്യമുള്ളവയും പൂജകള്‍ക്കായുള്ള ആഭരണങ്ങളും ക്ഷേത്രനിലവാരകളില്‍ തന്നെ സംരക്ഷിക്കണം. അല്ലാതെയുള്ള ആഭരണങ്ങള്‍ കണ്ടെത്തി ക്ഷേത്രത്തിനുള്ളില്‍ പ്രദര്‍ശിപ്പിക്കണം. ഇതിലൂടെ ലഭിക്കുന്ന വരുമാനം വിശ്വാസികളുടെ ക്ഷേമത്തിന് വിനിയോഗിക്കണമെന്നും ശ്രീ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന സെക്രട്ടറി ഭാര്‍ഗവറാമും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മാതൃഭൂമി, ജൂലൈ 13, 2011.

സമ്പത്ത് ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണം: ഹിന്ദു നേതൃയോഗംമലയാള മനോരമയില്‍ നിന്ന്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്നു കണ്ടെത്തിയ അമൂല്യ സമ്പത്തു ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്നു ഹിന്ദു നേതൃയോഗം ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍നിന്നു കണ്ടെത്തിയ വസ്തുവകകള്‍ നിധിയോ പൊതുസ്വത്തോ അല്ലെന്നും കേസില്‍ കക്ഷിചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിമാരായ കുമ്മനം രാജശേഖരന്‍, ബ്രഹ്മചാരി ഭാര്‍ഗവറാം എന്നിവര്‍ അറിയിച്ചു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലുള്ള വസ്തുക്കള്‍ രാജാക്കന്‍മാരും ഭക്തരും ശ്രീപത്മനാഭസ്വാമിക്കു വിശ്വാസപൂര്‍വം സമര്‍പ്പിച്ചതാണ്. ഇവ പൊതു ആവശ്യത്തിനു വിനിയോഗിക്കണമെന്ന വാദം അര്‍ഥശൂന്യമാണ്. ക്ഷേത്രത്തില്‍ സമര്‍പ്പിക്കപ്പെട്ടവയെല്ലാം ദേവന്റെ സ്വത്താണ്. അതിനാല്‍ ഇവ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്നു നേതൃയോഗം പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, നാഷനല്‍ മ്യൂസിയം തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിലവറയിലെ സാധനങ്ങള്‍ ഏറ്റെടുക്കാന്‍ നടത്തുന്ന നീക്കം ഉപേക്ഷിക്കണം.

ഹിന്ദുമത സ്വാതന്ത്യ്രത്തിലും ആരാധനാവകാശങ്ങളിലുമുള്ള കൈകടത്തലാണിത്. ഇത്തരം ബാഹ്യ ശക്തികളെ തടയാനും വസ്തുക്കള്‍ സുരക്ഷിതമായി സംരക്ഷിക്കാനും അധികൃതര്‍ നടപടി സ്വീകരിക്കണം. ശ്രീപത്മനാഭ സ്വാമിയുടെ സ്വത്ത് പൊതുസ്വത്താക്കണമെന്നു പ്രസ്താവന ഇറക്കുന്നവരുടെ പിന്നില്‍ ചില ബാഹ്യ ശക്തികളുണ്ട്. ഇത്തരക്കാര്‍ക്കു സര്‍ക്കാര്‍ വശംവദരാകരുതെന്നു കുമ്മനം പറഞ്ഞു. ക്ഷേത്ര തന്ത്രിയുടെ അഭിപ്രായം തേടാതെയാണു നിലവറ തുറക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. കണ്ടെത്തിയ വസ്തുവകകളെ കുറിച്ചു വ്യാപകമായി വാര്‍ത്ത വന്നതിലും ദുരൂഹതയുണ്ട്.

ജീവന്‍ നല്‍കിയും ഭക്തര്‍ ശ്രീപത്മനാഭന്റെ സ്വത്തു സംരക്ഷിക്കും. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ ക്ഷേത്ര പാര്‍ലമെന്റ് വിളിക്കും. ഇതിനു മുന്നോടിയായി ഗാന്ധാരിയമ്മന്‍ കോവിലില്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


2011, ജൂലൈ 10, ഞായറാഴ്‌ച

നിധിയായി തിളങ്ങുന്ന സമര്‍പ്പണം

കേരള കൌമുദിയില്‍ നിന്ന്

തിരുവനന്തപുരം: പദ്മനാഭസ്വാമിയുടെ നിധിശേഖരത്തിന് വാക്കുകള്‍കൊണ്ട് അര്‍ത്ഥം കാണാനെത്തിയത് സുഗന്ധിനായരും ഫെലിക്സും സാലിയും ഷമീനുമൊക്കെ. കേരളകൌമുദി ഒരുക്കിയ സംവാദത്തില്‍ അവര്‍ നേര്‍ക്കുനേര്‍ വാദമുഖങ്ങള്‍ എടുത്തിട്ടപ്പോള്‍ തെളിഞ്ഞത് മതസൌഹാര്‍ദ്ദത്തിന്റെ ഉണര്‍ത്തുപാട്ട്.

ക്രിസ്തുമതത്തില്‍പ്പെട്ട ഫെലിക്സിന്റെ വാദം നിധിശേഖരം അറയില്‍ തന്നെ സൂക്ഷിക്കണമെന്നതാണ്. ഇതിന്റെ സംരക്ഷണത്തിന് ട്രസ്റ്റ് ഉണ്ടാക്കണമെന്നും ഫെലിക്സ് നിര്‍ദ്ദേശിച്ചു. ഒരു കടുകുമണിപോലും നഷ്ടപ്പെടുത്താതെ ക്ഷേത്രത്തിനടുത്തുതന്നെ സൂക്ഷിക്കണമെന്നായി മുസ്ളിം മതത്തില്‍പ്പെട്ട കാരയ്ക്കാമണ്ഡപം സ്വദേശി എ.കെ.ബി. ഷമീന്‍. സവര്‍ണ ഹിന്ദുക്കളെ മാത്രം ഉള്‍പ്പെടുത്താതെ ഹിന്ദുക്കളിലെ എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തി വേണം ട്രസ്റ്റ് ഉണ്ടാക്കാനെന്നായി എം.എം. സാലി.

മ്യൂസിയം സ്ഥാപിച്ച് പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നാണ് പുരാവസ്തു വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥയായ സുഗന്ധി നായര്‍ പറയുന്നത്. കൊച്ചി രാജകുടുംബത്തിലെ അമൂല്യശേഖരം കൊച്ചി മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അതില്‍ കൊച്ചി രാജാവിന്റെ കിരീടംവരെയുണ്ടെന്ന് സുഗന്ധിനായര്‍ ചൂണ്ടിക്കാട്ടി. 'ബി' അറ മുറിക്കേണ്ട കാര്യമില്ല. ആ പൂട്ട് തുറക്കാനറിയാവുന്ന വിദഗ്ദ്ധരുണ്ടെന്നായി സംവാദത്തില്‍ പങ്കെടുത്ത ചിലര്‍.

ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഒരു കഥ പറഞ്ഞു കൊണ്ടാണ് സംവാദത്തിലേക്ക് കടന്നത്. 1986 ല്‍ വൈക്കം ക്ഷേത്രത്തില്‍ കൊടി മരം മാറ്റിസ്ഥാപിച്ചപ്പോള്‍ അതിനടിയില്‍ നിന്ന് ധാരാളം സാധനങ്ങള്‍ കണ്ടെത്തി. ഇത് നിധിശേഖരമാണെന്ന് പറഞ്ഞ് പുരാവസ്തു വകുപ്പ് രംഗത്തെത്തി. ക്ഷേത്രത്തിന്റേതാണെന്ന് ഭക്തജനങ്ങളും. തര്‍ക്കം മൂത്ത് ഒന്നര വര്‍ഷം അങ്ങനെ കിടന്നു. ആ വര്‍ഷത്തെ ഉത്സവത്തിന് അടയ്ക്കാമരം നാട്ടിയാണ് കൊടിയേറ്റിയത്. കണ്ടെത്തിയ സാധനങ്ങള്‍ ഒടുവില്‍ അവിടെത്തന്നെ സ്ഥാപിക്കേണ്ടിവന്നു. കാരണം ഇത് നിധിശേഖരമല്ല. അപ്രതീക്ഷിതമായി കിട്ടുന്നതാണ് നിധിശേഖരം. ഇത് അങ്ങനെയല്ല. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടതും ഇതുപോലെയാണെന്നായി കുമ്മനം.

ഗുരുനാനാക്ക് വന്ന് പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കീര്‍ത്തനം പാടിയിട്ടുണ്ടെന്നായി ഡോ. എം.ജി. ശശിഭൂഷണ്‍. രാമാനുജനും ഇവിടെ വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സമര്‍പ്പണം നടത്തിയിട്ടുള്ളത് സ്വാതിതിരുനാളാണ്. തീവ്രമായ ദു:ഖം ഉണ്ടാകുമ്പോള്‍ സ്വാതിതിരുനാള്‍ സ്വര്‍ണ്ണക്കുടത്തില്‍ നാണയങ്ങള്‍ നിറച്ച് സമര്‍പ്പിക്കുമായിരുന്നു. അങ്ങനെ ആശ്വാസം കിട്ടുമ്പോള്‍ സ്വാതിതിരുനാള്‍ കീര്‍ത്തനംകൂടി ചൊല്ലുമായിരുന്നു.

ബാലരാമവര്‍മ്മ ദുര്‍ബലനായ രാജാവായിരുന്നു. ആ ദുര്‍ബലതകണ്ട് വേലുത്തമ്പി പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരെ ഞാന്‍ യുദ്ധം നയിക്കാം. അങ്ങയ്ക്ക് ഒളിച്ചിരിക്കാന്‍ നെടുമങ്ങാട്ട് ഞാന്‍ താവളം ഒരുക്കിയിട്ടുണ്ടെന്ന്. അങ്ങ് കീഴടങ്ങൂ എന്ന് വേലുത്തമ്പി നിര്‍ദ്ദേശിച്ചപ്പോള്‍ അങ്ങനെ എനിക്ക് ഒളിക്കാനാവില്ല എന്നായി ബാലരാമവര്‍മ്മ. വേലുത്തമ്പി പറഞ്ഞതുപോലെ സംഭവിച്ചിരുന്നെങ്കില്‍ അറയില്‍ ഇപ്പോള്‍ കണ്ടെത്തിയ സമ്പത്തെല്ലാം ഇന്ന് ബ്രിട്ടീഷ് മ്യൂസിയത്തിലിരിക്കുമായിരുന്നു. അറേബ്യന്‍ രാജ്യങ്ങളിലുളളവര്‍ക്ക് ഇന്ത്യക്കാരോട് ഇപ്പോള്‍ ഭയങ്കര ബഹുമാനമാണെന്ന് അവിടത്തെ മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ഏറ്റവും വലിയ സമ്പന്ന ദേവാലയമുള്ള രാജ്യത്തിലെ ആള്‍ക്കാരെയാണ് നമ്മള്‍ ഡ്രൈവര്‍മാരായും കൂലിപ്പണിക്കാരായും ജോലി ചെയ്യിപ്പിക്കുന്നതെന്നാണ് അറബികള്‍ പറയുന്നതെന്ന് ശശിഭൂഷണ്‍ ചൂണ്ടിക്കാട്ടി.


വെള്ളായണി പരമുവിന് കിട്ടിയതെല്ലാം വെള്ളായണി ക്ഷേത്രത്തിന് സമര്‍പ്പിച്ചു. വെള്ളായണി പരമു കൊള്ളയടിച്ചതല്ലെന്ന് പറയാനാവുമോ എന്നായിരുന്നു അഡ്വ. സി.കെ. സീതാറാം ചോദിച്ചത്. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്രോതസ് എങ്ങനെയായാലും സമര്‍പ്പിതമാണ്. ഒരിക്കല്‍ ഒരു ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ചാല്‍ തിരിച്ചെടുക്കാന്‍ അവകാശമില്ല. അതുകൊണ്ടാണ് രാജകുടുംബം ഒരു തരിപോലും എടുക്കാതിരുന്നത്.

നിധിശേഖരമല്ല, ക്ഷേത്രത്തിന്റെ വസ്തുക്കളാണ് - കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേത് നിധിശേഖരമല്ലെന്നും ക്ഷേത്രത്തിന്റെ വസ്തുക്കളാണിതെന്നും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം പ്രസ്ക്ളബില്‍ കേരളകൌമുദി നടത്തിയ 'പദ്മനാഭസ്വാമി ക്ഷേത്ര നിധിശേഖരം' സംവാദത്തില്‍ അഭിപ്രായപ്പെട്ടു.

അനന്തപദ്മനാഭനും ദാസനും പദ്മനാഭ ഭക്തരും ഉള്‍പ്പെടുന്ന മൂന്ന് ഘടകങ്ങളാണ് ക്ഷേത്രത്തിനുള്ളത്. മറ്റാര്‍ക്കും ഇതില്‍ കടന്നുകൂടാനാവില്ല. ജനങ്ങളുടെ രക്തത്തിലും മാംസത്തിലും തുടിക്കുന്ന പദ്മനാഭന്റെ വികാരത്തെ നിയമം വച്ച് കണക്കാക്കാനാവില്ല. കോടതി എന്ത് വിധിച്ചാലും ഭക്തജനങ്ങള്‍ സുരക്ഷ ഏറ്റെടുക്കണം. നിറതോക്കുകള്‍ക്ക് സാധിക്കാത്തത് ഭക്തജനങ്ങള്‍ക്ക് സാധിക്കും. ഭക്തരുടെ വിശ്വാസവും പ്രാര്‍ത്ഥനയും മാത്രമാണ് ഇത്രയും സ്വത്ത് അവിടെത്തന്നെയിരിക്കുമെന്നതിന്റെ ഗാരന്റി. ക്ഷേത്ര ആവശ്യത്തിന് ഉപയോഗിക്കാനുള്ളവ ഒഴിച്ച് ഒരു ഉപയോഗവുമില്ലാത്തത് ഭക്തജനങ്ങള്‍ക്ക് കാണാന്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ കുഴപ്പമില്ല. അത് തീരുമാനിക്കേണ്ടത് പദ്മനാഭദാസനും ഭക്തരുമാണ്. അവരുടെ വാക്കിന് വിലകല്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള യൂണിവേഴ്സിറ്റി സ്ഥാപിക്കാവുന്നതാണെന്നും കുമ്മനം പറഞ്ഞു.


മോഷണം നടക്കില്ലെന്ന് ഉറപ്പാക്കാവുന്ന ഒരു മ്യൂസിയവും ഇന്ത്യയിലില്ലെന്ന് ചരിത്രകാരന്‍ ഡോ. എം. ജി. ശശിഭൂഷണ്‍ പറഞ്ഞു. ബ്രിട്ടീഷ്, വിയന്ന മ്യൂസിയങ്ങളില്‍ മാത്രമാണ് മോഷണം നടക്കാത്തത്. ആ രീതിയിലാണ് അവിടെ മ്യൂസിയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മലയാളികളുടെയും ഇന്ത്യക്കാരന്റെയും അഭിമാനമായി പദ്മനാഭസ്വാമി ക്ഷേത്രം മാറിയിരിക്കുന്നു. 30 ശതമാനം ടൂറിസ്റ്റുകളുടെ വര്‍ദ്ധനയാണ് ഇതിലൂടെ ഉണ്ടാകാന്‍ പോകുന്നതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


ഇരുട്ടറയില്‍ വച്ച് വീണ്ടും സൂക്ഷിക്കാനുള്ളതല്ല ഇതെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സി.കെ. സീതാറാം പറഞ്ഞു. ഇതിലെ ചൈതന്യം ത്രസിച്ച് നില്‍ക്കേണ്ടതാണ്. അത്ഭുതകരമായ കാഴ്ചകളാണ് അത് പകരുന്നത്. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് കാണാന്‍ കഴിയത്തക്ക രീതിയില്‍ ക്ഷേത്ര സമുച്ചയത്തില്‍ പ്രദര്‍ശിപ്പിക്കണം. അതിനുള്ള സൌകര്യം ഉണ്ടാകുന്നതുവരെ ഇപ്പോഴത്തെ അറയില്‍ സൂക്ഷിക്കണം. യൂണിവേഴ്സിറ്റി തുടങ്ങണമെന്ന നിര്‍ദ്ദേശത്തോട് യോജിക്കുന്നതായും സീതാറാം പറഞ്ഞു.


യൂണിവേഴ്സിറ്റി ഉണ്ടാക്കാതെ ഇത് സുരക്ഷിതമായി പ്രദര്‍ശനത്തിന് വയ്ക്കണമെന്ന് വാസ്തു വിദഗ്ദ്ധനും എന്‍ജിനിയറുമായ അര്‍ജുന്‍ അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടര്‍ ബി. അര്‍ജുനന്‍ പറഞ്ഞു. ഒരു തരി പോലും എടുക്കാതെയാണ് രാജകുടുംബം സംരക്ഷിച്ച് വച്ചിരുന്നത്. അത് ക്ഷേത്രത്തിലോ അനുബന്ധ സ്ഥലത്തോ സംരക്ഷിക്കുകതന്നെ വേണം. അങ്ങനെയായാല്‍ ഇപ്പോള്‍ കേരളത്തില്‍ എത്തിക്കൊണ്ടിരിക്കുന്ന വിദേശികളുടെ വരവ് ആയിരം മടങ്ങായി വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

25 ഏക്കറില്‍ മ്യൂസിയം നിര്‍മ്മിച്ച് ചരിത്ര പ്രാധാന്യമുള്ളവ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുകയും ബാക്കി ഹിന്ദുക്കളുടെ ഉന്നമനത്തിന് ഉപയോഗിക്കുകയും ചെയ്യണമെന്ന് അഡ്വ. വി.എച്ച്. സത്ജിത് പറഞ്ഞു. സംവാദത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് മന്ത്രി വി. എസ്. ശിവകുമാര്‍ പറഞ്ഞു. കേരളകൌമുദി യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പി. പി. ജെയിംസ് മോഡറേറ്ററായിരുന്നു.

2011, ജൂലൈ 3, ഞായറാഴ്‌ച

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ വസ്തുവകകള്‍ ഹിന്ദുക്കളുടെ പൊതുക്ഷേമത്തിന് ഉപയോഗിക്കണം

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കല്ലറകളില്‍ നിന്നും കണ്ടെടുത്ത വസ്തുവകകള്‍ ക്ഷേത്രത്തിന്റെ സ്വത്താകയാല്‍ സുരക്ഷിതമായി അതേസ്ഥാനത്ത് സൂക്ഷിക്കുകയും ഹിന്ദുക്കളുടെ പൊതുക്ഷേമത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയും വേണമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

എണ്ണിത്തിട്ടപ്പെടുത്തിയവ സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുവാന്‍ നടത്തുന്ന ഏതൊരു ശ്രമത്തെയും സര്‍വ്വശക്തിയുമുപയോഗിച്ചു എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ പൂജയ്ക്കും നിത്യാനുഷ്ഠാനങ്ങള്‍ക്കും വേണ്ടി മഹാരാജാവ് സ്വരൂപിച്ചവയും ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചവയുമാണ് കല്ലറയില്‍ സൂക്ഷിച്ചിട്ടുള്ള വസ്തുവകകളെല്ലാം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാവി തലമുറയ്ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ വളരെ സുരക്ഷിതമായി അറകളില്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള ഈ സ്വത്തുവകകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടും ഗൌരവത്തോടും കൂടി തുടര്‍ന്നും പരിരക്ഷിക്കേണ്ടത് ക്ഷേത്രത്തിന്റെയും ഭക്തജനങ്ങളുടെയും താല്പര്യ സംരക്ഷണത്തിന് അനിവാര്യമാണ്.

അറയില്‍ സൂക്ഷിച്ചുവെച്ചിരുന്നത് നിധിയല്ല, മറിച്ച്ക്ഷേ ത്രത്തിലെ ആവശ്യത്തിനുവേണ്ടി ഉപയോഗിച്ചുവന്ന പൂജാസാധനങ്ങളും തിരുവാഭരണങ്ങളും വസ്തുവകകളും മാത്രമാണ്. നിധിയെന്നു പ്രചരിപ്പിച്ചു അവ സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനു ചില ബാഹ്യശക്തികള്‍ ശ്രമിച്ചുവരികയാണ്. അറയില്‍ സൂക്ഷിച്ചിട്ടുള്ള എല്ലാ വസ്തുവകകളും ക്ഷേത്രത്തിനും ഭക്തജനങ്ങള്‍ക്കും മാത്രം അവകാശപ്പെട്ടതാണ്. - അദ്ദേഹം പറഞ്ഞു.

2011, ജൂലൈ 2, ശനിയാഴ്‌ച

പദ്മനാഭസ്വാമി ക്ഷേത്രസ്വത്ത് ഹിന്ദുക്ഷേമത്തിന് ഉപയോഗിക്കണം

കേരളകൌമുദിയില്‍ നിന്ന്

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്ര അറകളിലെ സഹസ്രകോടികളുടെ സ്വര്‍ണം, വെള്ളി, അമൂല്യ രത്നക്കല്ലുകള്‍ എന്നിവ ക്ഷേത്ര സ്വത്താകയാല്‍ സുരക്ഷിത സ്ഥാനത്ത് സൂക്ഷിക്കുകയും ഹിന്ദുക്കളുടെ പൊതു ക്ഷേമത്തിന് ഉപയോഗപ്പെടുത്തുകയും വേണമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

എണ്ണിത്തിട്ടപ്പെടുത്തിയവ സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടാന്‍ നടത്തുന്ന ഏതൊരു ശ്രമത്തെയും സര്‍വശക്തിയുമുപയോഗിച്ച് ഹിന്ദുക്കള്‍ എതിര്‍ക്കും. അന്തര്‍ദേശീയ തലത്തില്‍ ശ്രീപദ്മനാഭ ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് അധികൃതര്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

ക്ഷേത്രത്തിന്റെ സംരക്ഷണച്ചുമതല പട്ടാളത്തെ ഏല്‍പ്പിക്കണമെന്ന് പദ്മനാഭസ്വാമി ടെമ്പിള്‍ എംപ്ളോയീസ് യൂണിയന്‍ ആവശ്യപ്പെട്ടു.