2011, ജൂൺ 27, തിങ്കളാഴ്‌ച

സാമൂഹ്യനീതിക്കായി ജനമുന്നേറ്റം അനിവാര്യം - കുമ്മനം

കുമ്മനം രാജശേഖരന്‍

ഹിന്ദുജനത അതിരൂക്ഷമായ വെല്ലുവിളികളെയും ഭീഷണികളെയും അഭിമുഖീകരിച്ചുവരുന്ന വളരെ സങ്കീര്‍ണമായ സാമൂഹ്യ പശ്ചാത്തലത്തിലാണ്‌ ഇന്ന്‌ സംസ്ഥാനതലത്തില്‍ ഉന്നത ഹിന്ദുനേതൃസമ്മേളനം കൊച്ചിയില്‍ ചേരുന്നത്‌. അന്തസ്സോടും അഭിമാനത്തോടും കൂടി ജീവിക്കുവാനുള്ള ഹിന്ദുജനതയുടെ ഭരണഘടനാദത്തമായ അടിസ്ഥാന അവകാശസ്വാതന്ത്ര്യം പോലും ഇന്ന്‌ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. എല്ലാ മേഖലകളിലും ഹിന്ദുക്കള്‍ ഒറ്റപ്പെടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്തതിനാല്‍ അതിജീവനത്തിന്‌ വേണ്ടിയുള്ള ചെറുത്തുനില്‍പും പോരാട്ടവും അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.

ഹിന്ദുസമൂഹത്തെ ഈ വിപല്‍സന്ധിയില്‍ നിന്നും എങ്ങനെ രക്ഷിക്കാമെന്നതിനെക്കുറിച്ച്‌ കൂട്ടായ ചിന്തയും ആശയവിനിമയവും നടത്തി ഒരു പൊതുപ്രവര്‍ത്തനപദ്ധതിക്ക്‌ രൂപംകൊടുക്കേണ്ട സന്ദര്‍ഭമാണിത്‌. അതുകൊണ്ട്‌ ഈ സമ്മേളനം അനിവാര്യമായും വളരെ ഗൗരവപൂര്‍വം ചിന്തിക്കേണ്ട ചില സുപ്രധാന വിഷയങ്ങളിലേക്ക്‌ സാദരം ശ്രദ്ധയെ ക്ഷണിക്കുന്നു.

കാലാകാലങ്ങളില്‍ ഹിന്ദുസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ സജീവമായി മഹാത്മാക്കള്‍ ഇടപെടുകയും സാമൂഹ്യപരിഷ്ക്കരണത്തിനും നവോത്ഥാനത്തിനും വേണ്ടി കൂട്ടായ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത പ്രേരണാദായകങ്ങളായ സംഭവങ്ങള്‍ നമ്മുടെ കഴിഞ്ഞകാലങ്ങളില്‍ കേരളത്തില്‍ നടന്നിട്ടുണ്ട്‌. അയിത്തം, സാമൂഹ്യഅസമത്വം, അസ്പൃശ്യത, ജാതിവിദ്വേഷം, അനാചാരങ്ങള്‍, ഉച്ചനീചത്വങ്ങള്‍, അന്ധവിശ്വാസങ്ങള്‍, വിഭാഗീയത തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കും വിപത്തുകള്‍ക്കുമെതിരെ ജനമനഃസാക്ഷിയെ ഉണര്‍ത്തുവാനും ബഹുജനാഭിപ്രായം സ്വരൂപിക്കുവാനും ആ മഹാത്മാക്കള്‍ക്ക്‌ കഴിഞ്ഞു. ആ സംഭവങ്ങളില്‍ പലതിന്റെയും ജൂബിലി വര്‍ഷം കൂടിയാണ്‌ 2011.

വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളുടെയും ഉച്ചനീചത്വങ്ങള്‍ക്കെതിരെ നടന്ന ഒട്ടനവധി പോരാട്ടങ്ങളുടെയും ഫലമായിട്ടാണ്‌ 1936-ല്‍ ക്ഷേത്രപ്രവേശന വിളംബരമുണ്ടായത്‌. ആ ചരിത്രസംഭവത്തിന്റെ 75-ാ‍ം വര്‍ഷമാണിപ്പോള്‍. ഗുരുവായൂര്‍ സത്യഗ്രഹം നടന്നിട്ട്‌ 80 വര്‍ഷം പിന്നിട്ടു. ശ്രീനാരായണ ഗുരുദേവന്‍ ശ്രീശാരദാദേവീ പ്രതിഷ്ഠ നടത്തിയിട്ട്‌ 100 വര്‍ഷം തികഞ്ഞു. കേരളത്തില്‍ ആദ്യമായി എല്ലാ വിഭാഗം ഹിന്ദുക്കളെയും സംഘടിപ്പിച്ച്‌ വര്‍ഷംതോറും മതപരിഷത്ത്‌ നടത്തുക എന്ന ഉദ്ദേശ്യത്തോടെ പമ്പാതീരത്ത്‌ ആരംഭിച്ച ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വെന്‍ഷന്‌ 100 വയസ്സായി. ചട്ടമ്പി സ്വാമി ശിഷ്യനായ തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ ആദ്യമായി വിദ്യാധിരാജ പരമ്പരയില്‍ വാഴൂര്‍ ആശ്രമം സ്ഥാപിച്ചിട്ട്‌ 100 വര്‍ഷം തികഞ്ഞു. ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യോത്തമനായ നിര്‍മ്മലാനന്ദ സ്വാമികള്‍ ആദ്യമായി ഹരിപ്പാട്‌ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച്‌ മിശ്രഭോജനം നടത്തി അയിത്താചാരണത്തെ ചോദ്യം ചെയ്തത്‌ 100 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌. യോഗ്യതയുള്ള ആര്‍ക്കും പൂജ ചെയ്യാനുള്ള അവകാശ ഉണ്ടെന്ന്‌ പ്രഖ്യാപിച്ച പാലിയം വിളംബരം 25 വര്‍ഷം മുമ്പാണ്‌ നടന്നത്‌. നൂറുവര്‍ഷം മുമ്പ്‌ മഹാനായ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകത്തൊഴിലാളി സമരവും അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളും പ്രജാസഭയില്‍ ആദ്യമായി അദ്ദേഹം ചെയ്ത പ്രസംഗവും സാമൂഹ്യനീതിക്കായിനടന്ന ജനമുന്നേറ്റങ്ങള്‍ക്ക്‌ ഉശിര്‌ പകര്‍ന്നു. വിദേശമേല്‍ക്കോയ്മക്കെതിരെ വയനാട്ടില്‍ നടന്ന കുറിച്യ കലാപത്തിന്‌ വയസ്സ്‌ ഇരുന്നൂറ്‌ ആയി.ഹിന്ദുക്കളിലെ അവാന്തര വിഭാഗങ്ങള്‍ പരസ്പരം കലഹിച്ചും മത്സരിച്ചുമായിരുന്നില്ല ഈ സാമൂഹ്യപരിഷ്കരണ സംരംഭങ്ങള്‍ നടന്നിരുന്നത്‌. സംഘര്‍ഷമോ ഏറ്റുമുട്ടലോ കൂടാതെ തമ്മില്‍ സഹകരിച്ചും ഒരുമിച്ചും ഐക്യത്തോടെ എല്ലാ മഹാത്മാക്കളും പ്രവര്‍ത്തിച്ചിരുന്നു.

ഹൈന്ദവ നവോത്ഥാന സംരംഭങ്ങളുടെ അത്യുദാത്തവും ഉജ്വലവും അഭിമാനകരവുമായ സ്മരണകള്‍ ഇരമ്പുന്ന വാര്‍ഷികാഘോഷങ്ങളുടെ കാലയളവാണ്‌ എല്ലാംകൊണ്ടും 2011. ഈ സംഭവങ്ങളെല്ലാം നടന്നത്‌ സാമൂഹ്യസമത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടിയായിരുന്നുവെന്നത്‌ പ്രത്യേകം ചൂണ്ടിക്കാണിക്കപ്പെടേണ്ട വസ്തുതയാണ്‌. സമൂഹത്തില്‍ സര്‍വവിധ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ട്‌ ചൂഷിതരും മര്‍ദ്ദിതരുമായി കിടന്നിരുന്ന ജനവിഭാഗങ്ങള്‍ക്ക്‌ വേണ്ടി സാമൂഹ്യനീതി നേടി എടുക്കുകയായിരുന്നു പല സംഭവങ്ങളുടെയും ലക്ഷ്യം. സാമൂഹ്യനീതിക്കുവേണ്ടിയുള്ള മുന്നേറ്റങ്ങളും സംരംഭങ്ങളും കൂടുതല്‍ ശക്തവും ഫലപ്രദവുമാക്കുവാന്‍ ആവശ്യമായ ഒരു കര്‍മ്മപദ്ധതിക്ക്‌ രൂപംനല്‍കുന്നതിന്‌ എന്തുകൊണ്ടും ഉചിതമായ സന്ദര്‍ഭം ഈ ജൂബിലി വര്‍ഷമായിരിക്കുമെന്നതില്‍ ആര്‍ക്കും പക്ഷാന്തരമുണ്ടാവില്ല.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കും നീതി നല്‍കേണ്ടത്‌ ഭരണകൂടങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്‌. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഭരണഘടന എല്ലാ പൗരന്മാര്‍ക്കും ഉറപ്പുനല്‍കുന്നുണ്ട്‌. എന്നാല്‍ നാളിതുവരെ ഹിന്ദുജന വിഭാഗങ്ങള്‍ക്ക്‌ പല അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുക വഴി സാമൂഹ്യനീതി ഉറപ്പാക്കുക എന്ന ഭരണഘടനയുടെ ഉദ്ദേശ്യലക്ഷ്യത്തെത്തന്നെ ഭരണകൂടം അട്ടിമറിച്ചിരിക്കുകയാണ്‌.

അധഃസ്ഥിത ജനവിഭാഗങ്ങളുടെ വിമോചനത്തിന്‌ വേണ്ടി ഒട്ടേറെ പ്രതീക്ഷകളോടെ അംബേദ്കറും മറ്റും ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത പട്ടികജാതി സംവരണ വ്യവസ്ഥയെ ഒന്നടങ്കം തുരങ്കംവെച്ചുകൊണ്ടാണ്‌ ജസ്റ്റിസ്‌ രംഗനാഥമിശ്ര കമ്മീഷന്‍ സര്‍ക്കാരിന്‌ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുള്ളത്‌. സാമൂഹ്യ അവശതകളും ജാതീയമായ ഉച്ചനീചത്വങ്ങളും മൂലം പിന്നോക്കസ്ഥിതിയിലായവര്‍ക്ക്‌ ഭരണഘടനാപരമായ സംരക്ഷണം വ്യവസ്ഥ ചെയ്യുന്നതാണ്‌ പട്ടികജാതി സംവരണം. ഈ സംരക്ഷണ വ്യവസ്ഥ പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും നല്‍കണമെന്ന ജസ്റ്റിസ്‌ രംഗനാഥ മിശ്ര കമ്മീഷന്റെ ശുപാര്‍ശ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സഹോദരങ്ങളുടെ നിലനില്‍പ്പ്‌ അപകടത്തിലാക്കും. സാമൂഹ്യനീതിയുടെ നഗ്നമായ നിഷേധമാണ്‌ ഈ നടപടി. ന്യൂനപക്ഷാവകാശങ്ങളും സമ്പത്തുമുള്ള ക്രൈസ്തവ-മുസ്ലീം മതവിഭാഗങ്ങള്‍ പട്ടികജാതി സംവരണാനുകൂല്യങ്ങള്‍ കൂടി നേടിയെടുത്താല്‍, വര്‍ഷങ്ങളോളമായി അവശത അനുഭവിക്കുന്ന ഹിന്ദുസഹോദരങ്ങള്‍ സര്‍വ്വതും നഷ്ടപ്പെട്ടവരായിത്തീരുകയാവും ഫലം.

മതംമാറ്റം ജനസംഖ്യയിലും സാമൂഹ്യ ബന്ധങ്ങളിലും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങള്‍ ഏറെയാണ്‌. വിദേശപ്പണത്തിന്റെയും അധികാരിവര്‍ഗത്തിന്റെയും പിന്‍ബലത്തില്‍ ഹിന്ദുസഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും മതംമാറ്റുന്നത്‌ ഇനിയും തുടരാന്‍ നാം അനുവദിച്ചുകൂടാ. 2011 ലെ കണക്കെടുപ്പുപ്രകാരം പത്ത്‌ വര്‍ഷത്തിനിടയില്‍ ഹിന്ദുജനസംഖ്യ രണ്ട്‌ ശതമാനം കുറഞ്ഞിട്ടുണ്ട്‌. വാണിജ്യ-വ്യാപാര-കാര്‍ഷിക മണ്ഡലങ്ങളിലെല്ലാം ഹിന്ദുക്കള്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്‌. ക്രൈസ്തവ-മുസ്ലീം വിഭാഗങ്ങള്‍ക്ക്‌ സ്കൂള്‍-കോളേജുകള്‍ യഥേഷ്ടം നടത്തുവാന്‍ എല്ലാവിധ സൗകര്യങ്ങളും ലഭിച്ചതുമൂലം ആ മതക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യാഭ്യാസരംഗത്ത്‌ വന്‍നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. തല്‍ഫലമായി ഹിന്ദുവിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസരംഗത്ത്‌ പിന്നോക്കം പോയി.

കേരള നിയമസഭയില്‍ മതംതിരിച്ചുള്ള കണക്കെടുത്താല്‍ ഭരണപക്ഷത്ത്‌ ക്രൈസ്തവ-മുസ്ലീങ്ങളും പ്രതിപക്ഷത്ത്‌ ഹിന്ദുക്കളുമാണ്‌ ഇപ്പോള്‍ ഭൂരിപക്ഷം. മതന്യൂനപക്ഷങ്ങള്‍ക്ക്‌ സ്വാധീനമുള്ള സര്‍ക്കാരായിരിക്കും ഇനി ഹിന്ദുക്ഷേത്രങ്ങളുടെ ഭരണം കയ്യാളുക. ഖജനാവിലെ 65 ശതമാനം തുകയും കൈകാര്യം ചെയ്യുന്ന സുപ്രധാന വകുപ്പുകള്‍ ക്രൈസ്തവ മുസ്ലീം മന്ത്രിമാരുടേതാണ്‌. വിലപേശാനുള്ള മതന്യൂനപക്ഷങ്ങളുടെ കഴിവ്‌ വര്‍ധിച്ചതാണ്‌ ഇതിന്‌ കാരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹിന്ദുപ്രാതിനിധ്യം ഇക്കുറി 10 ശതമാനം കുറഞ്ഞു. ചില പഞ്ചായത്തുകളില്‍ പട്ടികജാതി സംവരണം ഉള്ളതുകൊണ്ട്‌ മാത്രം ഹിന്ദുപ്രാതിനിധ്യം നിലനിര്‍ത്തി. അധികാരസ്ഥാനങ്ങളില്‍ നിന്നും കക്ഷിഭേദമെന്യേ ഹിന്ദുക്കള്‍ പുറത്താകുന്നതുമൂലം ഭരണകൂടത്തിന്റെ ആനുകൂല്യങ്ങളും സഹായങ്ങളും ഹിന്ദുക്കള്‍ക്ക്‌ അന്യമായിവരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം ഭാവിയുടെ ചൂണ്ടുപലകയായി നിലകൊള്ളുന്നു.

മരണാനന്തരം മൃതദേഹം സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതുമൂലം ഭൂരഹിതരായ ഹിന്ദുക്കള്‍ വളരെയേറെ കഷ്ടപ്പെടുന്നു. ഒരു കൂര വച്ചെങ്കിലും അന്തിയുറങ്ങാന്‍ ഒരിടമില്ലാതെ ഒട്ടനവധി പേര്‍ വീര്‍പ്പുമുട്ടി കഴിയുന്നു. 40 വര്‍ഷം മുമ്പ്‌ ഭൂപരിഷ്കരണത്തെത്തുടര്‍ന്ന്‌ കുടികിടപ്പാവകാശം കിട്ടി താമസമാക്കിയ വാസസ്ഥലങ്ങളിലെല്ലാം കുടുംബങ്ങള്‍ മൂന്നും നാലും ഇരട്ടിയായി. താമസസ്ഥലത്തിന്റെ വിസ്തൃതി വര്‍ധിച്ചതുമില്ല. തന്മൂലം ഭൂരഹിതരും ഭവനരഹിതരുമായിത്തീര്‍ന്നവരുടെ ജീവല്‍പ്രശ്നങ്ങള്‍ രൂക്ഷമായി. വനവാസി സഹോദരങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരിഹാരമായിട്ടില്ല. അന്യാധീനപ്പെട്ട ഭൂമി വനവാസികള്‍ക്ക്‌ തിരിച്ചുനല്‍കാനോ ആശ്വാസക്ഷേമ നടപടികള്‍ കൈക്കൊള്ളാനോ സര്‍ക്കാരിന്‌ കഴിയാതെ വന്നതുമൂലം അവരുടെ സ്ഥിതി വളരെ പരിതാപകരമായി.

ഭൂരഹിത ദരിദ്ര പിന്നോക്ക ജനവിഭാഗങ്ങളുടെ മൗലികങ്ങളായ ഈവക പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സമയബന്ധിതമായ തീവ്രയത്ന പരിപാടികള്‍ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. വന്‍കിട തോട്ടങ്ങളെ ഭൂപരിധിനിയമത്തില്‍പ്പെടുത്തി മിച്ചഭൂമി ഭൂരഹിതര്‍ക്ക്‌ നല്‍കുവാന്‍ ഇനിയും കാലവിളംബം വരുത്തിക്കൂടാ. ഇതിന്‌ രണ്ടാം ഭൂപരിഷ്കരണ നിയമത്തിന്‌ വളരെ അടിയന്തരമായി രൂപം നല്‍കണം.

ദരിദ്രജനവിഭാഗങ്ങളില്‍ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ്‌. എല്ലാ ജാതി വിഭാഗങ്ങളിലും ദരിദ്രരുണ്ട്‌. അവരുടെ ദുരിതവും കഷ്ടനഷ്ടങ്ങളും കണക്കിലെടുത്ത്‌ ആശ്വാസ-ക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ച്‌ നടപ്പാക്കിയെങ്കില്‍ മാത്രമേ സമഗ്രമായ സാമൂഹ്യ പുരോഗതി നേടാനാവൂ. മുന്‍കാല ഭൂപരിഷ്കരണനിയമംമൂലം സര്‍വ്വതും നഷ്ടപ്പെട്ടുപോയ ഭൂവുടമകളുടെ ജീവിതപ്രശ്നങ്ങളും ഗൗരവമേറിയതാണ്‌.

പരമ്പരാഗതമായ തൊഴിലുകള്‍ ചെയ്ത്‌ ഉപജീവനം കഴിക്കുന്ന ജനവിഭാഗങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക്‌ നാളിതുവരെ പരിഹാരമുണ്ടായിട്ടില്ല. യന്ത്രവല്‍കരണവും അവഗണനയുംമൂലം ഈ സഹോദരങ്ങള്‍ ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ വളരെയേറെ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നു.

സ്വന്തം ഇഷ്ടമനുസരിച്ച്‌ മതവിശ്വാസം വെച്ചുപുലര്‍ത്തുവാനുള്ള അവകാശവും സ്വാതന്ത്ര്യവും ഹിന്ദുക്കള്‍ക്ക്‌ നല്‍കാത്തത്‌ സാമൂഹ്യനീതിയുടെ നിഷേധമാണ്‌. ഗുരുവായൂര്‍, ശബരിമല തുടങ്ങി 2500 ല്‍പരം ക്ഷേത്രങ്ങള്‍ മതേതര സര്‍ക്കാര്‍ ഭരിക്കുന്നത്‌ ഹിന്ദുക്കളുടെ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണമായി മാത്രമേ കരുതാനാവൂ. ഈ ക്ഷേത്രങ്ങളില്‍ നല്‍കുന്ന പണം എന്തിനുവേണ്ടി വിനിയോഗിക്കുന്നുവെന്ന്‌ ചോദിക്കുവാനോ അധികാരത്തില്‍ പങ്കാളിയാവാനോ ഇന്ന്‌ ഹിന്ദുക്കള്‍ക്ക്‌ സാധ്യമല്ല. ക്ഷേത്രപൂജാരിമാരെ നാലാംക്ലാസ്‌ ജീവനക്കാരന്റെ ഗണത്തില്‍പ്പെടുത്തി മാന്യതയും ജീവിതസൗകര്യങ്ങളും നിഷേധിക്കുന്നു. ക്ഷേത്രപ്രവേശനത്തില്‍ മാത്രമല്ല ക്ഷേത്രഭരണാധികാരത്തിലും കര്‍മ്മങ്ങളിലും സാമൂഹ്യ സമത്വം കൈവരിക്കാന്‍ കഴിഞ്ഞുവെങ്കില്‍ മാത്രമേ സാമൂഹ്യനീതി അതിന്റെ എല്ലാ അര്‍ത്ഥത്തിലും അനുഭവിക്കാന്‍ ഹിന്ദുക്കള്‍ക്ക്‌ സാധിക്കൂ.

ഇരുപതാം നൂറ്റാണ്ടില്‍ നടന്ന സാമൂഹ്യ നവോത്ഥാന സംരംഭങ്ങളുടെയും ജനമുന്നേറ്റങ്ങളുടെയും ചുവടുപിടിച്ചുകൊണ്ട്‌ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രാരംഭദശയില്‍ രണ്ടാം നവോത്ഥാനത്തിന്‌ തുടക്കം കുറിക്കേണ്ട സന്ദര്‍ഭമാണിത്‌. എല്ലാ സാമൂഹ്യപരിവര്‍ത്തന സംഭവങ്ങളുടെയും ജൂബിലി ആഘോഷവര്‍ഷമായ 2011 ല്‍ തന്നെ സാമൂഹ്യനീതിക്കുവേണ്ടിയുള്ള അത്യുജ്വല പോരാട്ടങ്ങള്‍ക്ക്‌ സമാരംഭം കുറിക്കണം. ഒട്ടനവധി സാമൂഹ്യപരിഷ്കര്‍ത്താക്കളും ആധ്യാത്മികാചാര്യന്മാരും നവോത്ഥാന നായകരും ധര്‍മ്മഗുരുക്കന്മാരും ഉഴുതുമറിച്ച്‌ പാകപ്പെടുത്തിയ കേരളത്തിന്റെ മണ്ണ്‌ സമഗ്രവും സമൂലവുമായ മറ്റൊരു പരിവര്‍ത്തനത്തിന്‌ വേദിയാവേണ്ടത്‌ കാലത്തിന്റെ ആവശ്യമാണ്‌, നിയോഗമാണ്‌. അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പും മാറ്റിവെച്ചും ഒരേ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ധര്‍മ്മത്തിന്റെയും അവകാശികളാണ്‌ നാമെന്ന ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ടും ഈ ചരിത്രമുഹൂര്‍ത്തത്തില്‍ പങ്കാളിയാവാന്‍ എല്ലാ ഹിന്ദുസംഘടനകളും തയ്യാറാവണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. ആ ദിശയില്‍ മുന്നോട്ടുപോകുന്നതിന്‌ ആവശ്യമായ കര്‍മ്മപദ്ധതികള്‍ക്ക്‌ രൂപം നല്‍കുവാന്‍ ഈ നേതൃസമ്മേളനത്തിന്‌ കഴിയട്ടെ എന്ന്‌ ആശംസിക്കുന്നു.

(2011-ജൂണ്‍ 11നു കൊച്ചിയില്‍ നടന്ന ഹിന്ദുനേതൃസമ്മേളനത്തില്‍ വിഷയമവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രഭാഷണം, ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ചത്.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ